ആറ്റം ബോംബാണ് ആറ്റം ബോംബ് ..!


എന്റെ മഹേഷേ ... അങ്ങനെ വിളിക്കാനുള്ള പരിചയം ഒന്നും നമ്മള് തമ്മിലില്ല എന്നാലും വിളിക്കാതിരിക്കാൻ പറ്റുന്നില്ല.  ഈ ഗേറ്റിന്റെ മുകളിൽ നിന്നൊക്കെ അതും സിൽമാ തിയറ്ററിന്റെ മുൻപിലുള്ള ഗേറ്റ് ഫസ്റ്റ് ഡേ  ഫസ്റ്റ് ഷോക്ക് ഒക്കെ ചാടുക എന്ന് പറഞ്ഞാൽ ങ്ങള് ഒരു ഒന്ന് ഒന്നര സംഭവമാണല്ലാ ... അതും പോരാഞ്ഞു പഹയൻ ആ ചാട്ടം പകുതിക്കു വച്ച് ക്യാൻസലേഷന് കൊടുത്തേയ്ക്കുന്നു .. 

ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി നിങ്ങള ബുക്ക് വായിച്ചിട്ടു ... 

പകല് ഓഫിസ് ടൈമിലാണ് ആമസോണിലെ ചേട്ടൻ ഈ ചിരി പടക്കം എന്റെ കൈയിൽ കൊണ്ട് തന്നത് ... വർക്കിംഗ് ഫ്രം ഹോം പയ്യെ പയ്യെ വർക്ക് "അറ്റ്" ഹോമും ബേബി സിറ്റിങ്ങും ഒക്കെ ആയി മാറിയത് കൊണ്ട് വേറൊന്നും നോക്കിയില്ല അപ്പത്തന്നെ അങ്ങ് തുടങ്ങി ... 

മാത്രമല്ല നമ്മുടെ മുഖപുസ്തക സുഹൃത്തുക്കൾ പലരും ഇത് ചിരി "പടക്ക"മല്ല ആറ്റം ബോംബാണ് ആറ്റം ബോംബ് എന്ന് സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുകയുമാണല്ലോ. വച്ച് താമസിക്കണ്ട എന്ന് ഞാനും കരുതി ... 

ആമുഖം എന്നെ പതുക്കെ എന്റെ ബാല്യത്തിലേക്ക് കൊണ്ടുപോയി ... ആകാശം കാണിക്കാതെ വച്ച മയിൽ‌പീലി തണ്ടുകളും പെൻസിൽ കൊണ്ട് വരഞ്ഞ് പത്തു പൈസ നാണയത്തിന്റെ ഇമ്പ്രെഷൻ എടുത്ത, പൂജ്യം വെട്ടി കളിച്ച, ക്‌ളാസ് മുറികളുടെ അവശേഷിപ്പുകളുള്ള  നോട്ടുബുക്കുകളും ഒളിച്ചു വച്ച പ്രണയങ്ങളും ഒക്കെയുള്ള ബാല്യത്തിലേക്ക് ... 

പിന്നെയും മറിച്ചപ്പോൾ  ദേ കിടക്കുന്നു വിശാലമനസ്കൻ എന്ന ജഗജില്ലിയുടെ ഒരു അവതാരിക .. അതുകൂടി വായിച്ചപ്പോൾ അപ്പ തന്നെ ഞാൻ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് എന്റെ റൂമിന്റെഡോർ കുറ്റി ഇട്ടു വച്ചിരുന്നത് തുറന്നു വച്ച് ... ഇനി എങ്ങാനും ശ്വാസം വിലങ്ങി ചത്തു പോയാൽ വീട്ടുകാർക്കു വെറുതെ പണി ആവണ്ടല്ലോ ... അങ്ങനെ എല്ലാ വിധ മുൻകരുതലും എടുത്തു വായിക്കാൻ തുടങ്ങിയ ഞാൻ പിന്നെ മഹേഷേ മഹേഷിന്റെ ദേ ആ വലതു വശത്തു തന്നെ ഉണ്ടായിരുന്നു അധോലകനായകൻ ആവാനും ഗോൾ അടിക്കാനും വാൾ സലാമിനും ജാപ്പനീസ് കപ്പ വാങ്ങാൻ പോകാനും ഒക്കെ. 

ഞാനും ഒരിക്കലേ ഫുട്ബാൾ കളിച്ചിട്ടുള്ളു ... അന്ന് നടുവും പുറത്തു ഇട്ടു കിട്ടിയ അടിയും അടിയിൽ കൂടി പോയ വായുവും ഇപ്പഴും എനിക്ക് വേദനയാണ്. അതോണ്ട് തന്നെ മഹേഷിനെ പ്പോലെ കളി മുഴുമിപ്പാക്കാനൊന്നും ഞാൻ നിന്നില്ല ഞാൻ അപ്പത്തന്നെ ദൃഡപ്രതിജ്ഞ എടുത്തു ഞാൻ ഈ മാതിരി കൂറ കളിയൊന്നും കളിക്കില്ല എന്ന് അല്ലാതെ അവന്മാര് എന്നെ വലിച്ചു കീറി റഫറീടെ ഫ്‌ളാഗ് ആക്കിയോണ്ടോന്നും അല്ല. 

തെക്കോട്ടിറക്കവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും ഒന്നും ഇല്ലാതെ വെടിക്കെട്ട് മാത്രം ഉള്ള പൂരം ഒരിക്കൽ ഞാനും കണ്ടിട്ടുണ്ട് മഹേഷേ ... അന്നൊരു പരീക്ഷ ദിവസമായിരുന്നു .. അല്ലെങ്കിലും പരീക്ഷ ആവുമ്പൊ അന്നൊക്കെ ഒരു വെടിക്കെട്ട് പതിവാ ... അപ്പഴത്തെ അവസ്ഥ ... അതനുഭവിച്ചവനെ മനസ്സിലാവൂ .. ചതിച്ചതാ എന്നെ ചതിച്ചതാ എന്നും ഞാൻ ഉഴുന്നുവടയും ചായയും കഴിക്കുന്ന ഹോട്ടലുകാരൻ ... 

വെടിക്കെട്ട് കഴിഞ്ഞു നേരെ ചെന്ന് കേറിയത് ആംബ്രോസേട്ടന്റെ കല്യാണ വിഡിയോയിലേ എക്സ്ക്‌ളൂസീവ് ഷോട്ടിലേക്ക് .. ഹമ്മേ പിടിച്ചതിനേക്കാളും വലുതാണ് മാളത്തിൽ എന്ന് പറഞ്ഞപോലെ ആയിപ്പോയി എന്റെ അവസ്ഥ ... 

ഓരോ പേജ് മറിക്കുമ്പോഴും എന്റെ ചിരിയുടെ നീളവും ഒച്ചയും കൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നില്ല. ഇടക്ക് ശ്വാസം വിടാൻ വേണ്ടി വായന നിർത്തിയപ്പോഴാണ് എന്റെ മുറിയിലെ ഒച്ചയും ബഹളവും കേട്ട് ബേബി സിറ്റിങ് ആണ് എന്ന്  പറഞ്ഞു ടി വി സീരിയലി ലെ കൊച്ചിനെ നോക്കി കൊണ്ടിരുന്ന  നമ്മുടെ ജോലിക്കാരി ചേച്ചി എനിക്ക് വട്ടായോ എന്ന് സംശയിച്ചു ആണോ എന്തോ ചെറുതായി തുറന്നു കിടക്കുന്ന ഡോറിനിടയിലൂടെ എന്നെ ഇടയ്ക്കു ഇടയ്ക്കു നോക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായത് . 

ഞാൻ അപ്പോൾ ചിരിപ്പൂരത്തിൽ ആറാടി കുട്ടീഷ്‌ണ വധം ബാലെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പുല്ല് ഇത് വായിക്കണ്ടാർന്നു..!  ചിരി നിർത്താനും പറ്റുന്നില്ല.!  

എന്തായാലും അങ്ങനെ മഹേഷിനൊപ്പം തന്നെ ഞാനും കൗമാരത്തിലേക്കും പിന്നീട് യൗവനത്തിലേക്കും മഹേഷ് ചെയ്തതിന്റെ അൻപതിലൊന്നോ അതിൽ കുറവോ കുരുത്തക്കേടുകളുമായി കയറിപറ്റി. 

മദ്യാരംഭം അവിടെ വച്ചായിരുന്നു .. അല്ലറ ചില്ലറ വാളുകളും പടക്കം പൊട്ടിക്കലും ഒക്കെ കഴിഞ്ഞു. ജാപ്പനീസ് കപ്പയും കഴിച്ചു പതുക്കെ സ്കൂട്ടാവുകയാണ് ... 

ചിരിച്ചു ചിരിച്ചു എന്റെ സൗണ്ട് സിസ്റ്റം ഒക്കെ ഓട്ടോമാറ്റിക്കായി സൈലന്റ് മോഡിലേക്ക് മാറി എന്നാ തോന്നുന്നേ ... എന്തായാലും ഇനി കുറച്ചു ദിവസം സൈലന്റ് മോഡിലിരുന്നു വൈബ്രേറ്റ് ചെയ്യാം ... 

ഇന്നുവരെ തമ്മിൽ കണ്ടിട്ടില്ലാത്ത നമ്മൾ അങ്ങനെ ഇടക്കെപ്പോഴോ ഒരേ കമ്പനിയിൽ ജോലി ചെയ്യുകയും ഉണ്ടായി. സീനിയർ പിണ്ഡം വാരിയും ജൂനിയർ പിണ്ഡം വാരിയും ഒക്കെ കണ്ടു ചിരിച്ചപ്പോഴും ഒന്ന് പരിചയപ്പെടാനോ ഈ മുതല് ഇത്രേം  വലുതാണ് എന്നോ  ഞാൻ അറിഞ്ഞില്ല ... ആരും പറഞ്ഞും ഇല്ല... 

സ്വകാര്യ ദുഖങ്ങൾക്കിടയിലും ഒരുപാട് ... ഒരു പാട് ചിരിപ്പിച്ചു മഹേഷ്‌ ... നന്ദി നന്ദി നന്ദി ... 

ഒരു രണ്ടാം ഭാഗം ഉടനെ ഉണ്ടാകുമോ?

Comments

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍