ഒരു കേക്ക് ഉണ്ടാക്കിയ കഥ

ഷാജൻ സാൻ നമ്മുടെ വിനേഷിന്റെ ബർത്ഡേ ആണ് നാളെ. അപ്പൊ ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് എല്ലാര്ക്കും പതിവുള്ളതുപോലെ ഒരു സർപ്രൈസ് കൊടുക്കണ്ടേ?

ഷോ നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ ഞാൻ വെബെക്‌സിൽ ആയിരിക്കുമ്പോൾ എന്റെ ചെവിക്കകത്തു കേറി !@#$%%$^&^*&&(*&)(*) %%% എന്ന്.

അയ്യോ ഷാജൻ സാൻ വെബക്സിലായിരുന്നോ ഞാൻ ശ്രദ്ധിച്ചില്ല. അപ്പുറത്താരാ ഷാനി സാൻ ആയിരിക്കും ... ;-) പണ്ട് ഞാൻ ഓൺസൈറ്റിലോട്ട് വരുമ്പോൾ ദീപക് സാൻ പറഞ്ഞതാ ഷാജൻ സാൻ വെബെക്‌സിൽ ആയിരിക്കുമ്പോൾ വെറുതെ ശല്യപ്പെടുത്തരുത് ആ സമയത്താണ് നിങ്ങൾക്ക് നിങ്ങളുടെ ജോലി ശ്രദ്ധയോടെ ചെയ്യാൻ പറ്റുന്നത്. വേറെ ബഹളം ഒന്നും കേൾക്കാത്തത് കൊണ്ട് നല്ല കോൺസൻട്രേഷൻ കിട്ടും. ഈ വെബെക്‌സ് കൊണ്ട് വേറെ പ്രയോജനം ഒന്നും ഇല്ല എന്ന്.

ആഹാ ആ തെണ്ടി $%$#%$#^& ദീപക് അങ്ങനെ പറഞ്ഞോ ... അവൻ ഇന്ന് ലീവ് ആയതു അവന്റെ ഭാഗ്യം ഇല്ലെങ്കിൽ ഇപ്പൊ തന്നെ ഒരു വെബ്‌എക്സ് ഇട്ടു നാല് തെറി പറയാമായിരുന്നു.

അപ്പൊ ഈ പറഞ്ഞത് തെറി അല്ല അല്ലെ ഷാജൻ സാൻ ?
ങേ നീ ആരാടാ? നീരജ് അല്ലെ? നീ അതെങ്ങനെ കേട്ട്?  ഞാൻ മൈക്രോഫോൺ മ്യൂട്ട്  ചെയ്തില്ലായിരുന്നോ ?
ഇല്ല ഷാജൻ സാൻ മ്യൂട്ട് ചെയ്തില്ല ഷാജൻ സാൻ പറഞ്ഞത് മുഴുവൻ ഞങ്ങൾ ഓഫ്‌ഷോറിൽ ഇരുന്നു കേട്ടു.
ഞങ്ങൾ എന്ന് പറഞ്ഞാൽ ? ഇപ്പൊ ആരൊക്കെ ഉണ്ട്? ദൈവമേ ഷാനി കേട്ടുകാണുമോ?

കേട്ടുകാണില്ല ഷാജൻ സാൻ ... പേടിക്കണ്ട ... സാധാരണ ഷാജൻ സാൻ ഒരു രണ്ടു മണിക്കൂർ വെബെക്‌സ് ഇട്ടാൽ ആദ്യത്തെ പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞാൽ എല്ലാരും സ്പീക്കർ വോള്യം കുറച്ചു സീറോ ആക്കും ... ഷാനി സാൻ പത്തു മിനിട്ടു കഴിയുമ്പോ ഹെഡ് സെറ്റ് തന്നെ ഊരി മാറ്റും. ഷാജൻ സാൻറെ ചളി കേട്ട് ഇരുന്നാൽ വർക്ക്ഫ്ലോ സീറോ ആവില്ലല്ലോ ?

ങേ .. അപ്പൊ പിന്നെ നീ എന്തു ചെയ്യുവാ ... ?

അല്ല ഷാജൻ സാൻ ഞാൻ പേപ്പർ ഒക്കെ ഇട്ടു ഇരിക്കുവല്ലേ ? ഇനി ഇപ്പൊ യു.കെ യിൽ പഠിക്കാൻ പോകുവല്ലേ ?
ജോൺസി സാൻ മാറി പകരം ഷാനി സാൻ വന്നേ പിന്നെയാ വെബ്എക്സ് ന്റെ  നീളം ഇത്രേം കൂട്ടിയതെന്ന ഇവിടെ സംസാരം.

എടാ... എടാ... മണ്ടൻ കൊണാപ്പി നീ എന്നെ കൂടുതൽ മണ്ടനാക്കാതെ പോയി വർക്ക്ഫ്ലോ ഫിക്സ് ചെയ്യടാ ...

ആ എന്തായാലും വെബെക്‌സ് മതിയാക്കാം ഇന്നിനി കാമിയാ സാൻ വരില്ല. നീ എന്തിനാ ഷോ വന്നേ?

അല്ല ഷാജൻ സാൻ ഞാൻ ആ വിനേഷിന്റെ ബർത്ത്ഡേ ...
അതിനു ഇന്ന് ബുധനാഴ്ച്ച അല്ലെ? നമുക്ക് വെള്ളിയാഴ്ച്ച ആക്കാം.
അല്ല ഷാജൻ സാൻ സർപ്രൈസ് ...
നിന്നോടല്ലേ പറഞ്ഞത് ... വെള്ളിയാഴ്ച എന്താ സർപ്രൈസ് പറ്റില്ലേ?

ഇനി ഇവിടെ പറഞ്ഞിട്ട് കാര്യമില്ല ഷാജൻ സാൻ രാവിലെ പെണ്ണുമ്പിള്ളേടെ വായിൽ നിന്ന് കേട്ടിട്ടാ വന്നേ എന്നാ തോന്നുന്നേ ... ഇന്ന് ഇനി കാര്യം നടക്കണമെങ്കിൽ രാജേഷ് സാനെ പിടിച്ചാലേ പറ്റൂ ... അങ്ങേരുടെ പെണ്ണുമ്പിള്ള ഇവിടെ ഇല്ലാത്തോണ്ട് സമ്മതിക്കുമായിരിക്കും. 
...
...
...
രാജേഷ് സാൻ അതേ ... ഒരു പാർട്ടിക്കുള്ള കോൾ ഉണ്ട് ഒന്ന് ഹെൽപ്പണം ...
എന്താടാ കോള് ? ഇന്ന് ബുധനാഴ്ച്ച ആയിട്ടു എങ്ങനാ? വെള്ളിയാഴ്ച പോരെ?
ഹൊ എന്റെ രാജേഷ് സാൻ ബർത്ത്ഡേ മാറ്റി വയ്ക്കാൻ പറ്റില്ലല്ലോ ... എന്റെ റൂം മേറ്റ്  വിനേഷിന്റയാ.... ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് നമ്മൾ സർപ്രൈസ് ആയി കേക്ക് കട്ട് ചെയ്തു ആഘോഷിക്കുന്നു .. ഓ കെ? ടച്ചിങ്‌സ് ആയി ചിക്കൻ ഫ്രൈയും എന്താ?

ആ ബെസ്റ് ... കേക്കും ചിക്കനും .. ഇതിലും നല്ലതു ആലുവയും മത്തിക്കറിയും ആയിരുന്നു. എന്തായാലും നിന്റെ ഇഷ്ടം.

അപ്പൊ ഈ കേക്ക് വാങ്ങേണ്ടത് എവിടുന്നാ എന്ന് പറഞ്ഞു താ ...
ഓഹോ അപ്പൊ അതൊന്നും അറിയാതെ ആണോ ആഘോഷിക്കാൻ ഇറങ്ങിയത്?
അതല്ലെ ആദ്യം തന്നെ ഹെൽപ്പണം എന്ന് പറഞ്ഞത്?
മ് മ് ... നീയൊരു കാര്യം ചെയ്യ് ഇന്ന് വൈകിട്ടു ഇവിടുന്നു പോകുമ്പോ നടന്നു പോയാൽ മതി. ആ ശരണിനെ പോലീസ് പൊക്കിയ ആ സാന്താ പാലം ഇല്ലേ അതിൻറെ സൈഡിൽ ഒരു സൂപ്പ ഉണ്ട് അവിടന്ന് വാങ്ങിക്കോ നല്ല കേക്കാണ് അവിടത്തെ. ശ്രീജേഷിന്റെ മോളുടെ  ഫസ്റ്റ് ബർത്ത്ഡേക്ക് അവിടുന്നാ കേക്ക് വാങ്ങിയേ.

ഓഹോ അപ്പൊ ശ്രീജേഷ് സാൻ ദീപക് സാനേക്കാൾ വലിയ തള്ളിന്റെ ആശാൻ ആണല്ലേ .. ചുമ്മാതല്ല നമ്മുടെ കസ്റ്റമറിന് ഭയങ്കര സ്നേഹം.  അന്ന് പറഞ്ഞത് ശ്രീജേഷ് സാനും ഭാര്യയും കൂടി ഉണ്ടാക്കിയതാണെന്നാ. ആ എന്തായാലും നല്ല കേക്കായിരുന്നു, രണ്ട് മൂന്ന് ദിവസം രാവിലെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു. അവിടുന്നു തന്നെ വാങ്ങാം.

അല്ല രാജേഷ് സാൻ ഈ കേക്കിന് ജാപ്പനീസിൽ എന്തുവാ പറയുന്നേ?
ഓ .. ഇനി അതിന്റെ കുറവ് കൂടിയെ ഉള്ളൂ ... പണ്ട് "മിഗീ ഈ ഈ" എന്ന് പറഞ്ഞതൊന്നും മറന്നിട്ടില്ലാല്ലോ ല്ലേ ല്ലേ ... നീ അവിടെ പോയി പടം നോക്കി എടുത്താൽ മതി വാ തുറന്നു കമാ ന്നു മിണ്ടരുത് കേട്ടല്ലോ!

പണ്ടാരം വേണ്ടായിരുന്നു ഈ രാജേഷ് സാന് ഭയങ്കര ഓർമയാണല്ലോ ...

മ് മ് മതി മതി കൊഞ്ചിയത് പോയി പണി എടുക്കാൻ നോക്ക് ... ഉച്ച ആവുമ്പം വന്നോളും ഓരോ ഏണിം ആയിട്ട് ...
...
...
രാത്രി എട്ടു മണി ആയപ്പോൾ അങ്ങനെ ഷോമോൻ സൂപ്പ യിൽ എത്തി കേക്കും ചിക്കനും ഒക്കെ വാങ്ങി റൂമിൽ എത്തി പെട്ടെന്ന് തന്നെ ചിക്കൻ വൃത്തി ആക്കി പ്രഷർ കുക്കറിൽ വെയിറ്റും ഒക്കെ ഇട്ടു വച്ചു. വാങ്ങിയ കേക്ക് കേടാകാതിരിക്കാൻ ഫ്രിഡ്ജിലും വച്ചു.

ഷോ അന്ന് പതിവില്ലാതെ ഒന്ന് കുളിച്ചു. പിന്നെ അഘോഷം അല്ലെ അല്പം അലംകോല പണി അല്ല അലങ്കാര പണിയും ഒക്കെ റെഡി ആക്കി. ഓഫീസിൽ ഇരിക്കുന്നവരെയൊക്കെ വിളിച്ചറിയിച്ചു ഒരു പതിനൊന്നര  മണി ആകുംപോൾ റൂമിൽ എത്തണം എന്ന്. വിനേഷ് മാത്രം ഒന്നും അറിഞ്ഞിരുന്നില്ല.

അപ്പോഴേക്കും സമയം ഏതാണ്ട് പത്തു മണി ആയിക്കാണും. അപ്പോഴാണ് ഷോ ചിക്കന്റെ കാര്യം ഓർത്തത് .. അയ്യോ ദൈവമേ അതിപ്പോ പായസം ആയിക്കാണും ചെന്ന് നോക്കിയപ്പോൾ അടുപ്പ് കത്തിച്ചിട്ടില്ല. ഹോ ഈ മറവി കൊണ്ട് ആദ്യമായിട്ടാ ഒരു ഉപകാരം ഉണ്ടാകുന്നെ എന്ന് മനസിൽ ഓർത്തുകൊണ്ട് ഷോ വേഗം അടുപ്പ് കത്തിച്ചു മാക്സിമം ഫ്‌ളെയിം ആക്കി വച്ച്.
ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു പ്രഷർ കുക്കറിന്റെ അടപ്പു തുറന്നു.  ചിക്കൻ തിന്നാനുള്ള ആക്രാന്തം കാരണം പ്രഷർ തുറന്നു വിടുന്ന കാര്യം ഷോ മറന്നു പോയി. ആവി മുഴുവൻ ഷോയുടെ മുഖത്തു തന്നെ തട്ടി, ചൂട് തട്ടി പൊള്ളിയതല്ലെ കുറച്ചു തണുത്ത വെള്ളം ഒഴിച്ച് കളയാം എന്ന് വിചാരിച്ചു വാഷ് ബേസിനിൽ നിന്ന് വെള്ളം എടുത്തു മുഖം കഴുകിയപ്പോൾ ആണ് പണി പാളിയ കാര്യം ഷോ-ക്ക് മനസിലായത്. മുടി ഒക്കെ ഇളകി വരുന്നു. :-(


വേഗം തന്നെ ഷോ ഫോണെടുത്തു രാകേഷിനെ വിളിച്ചു. രാജേഷ് സാൻ വേഗം വാ എന്റെ മുടി ഒക്കെ ഇളകി പോകുന്നു.

ങ്ഹേ എന്തുവാടേ കാര്യം നിന്നോട് കേക്കുവാങ്ങാനല്ലേ പറഞ്ഞത് കുപ്പി വാങ്ങാനല്ലല്ലോ? പോയി കുപ്പി വാങ്ങിയതും പോരാ അതും വലിച്ചു കേറ്റി വിവരക്കേട് പറയുന്നോ ?

അല്ല രാജേഷ് സാൻ ...ഞാൻ ആ സാധനം കൈ കൊണ്ട് തൊടാറില്ല എന്ന് രാജേഷ് സാന് അറിയില്ലേ  .. പണ്ട് എന്റെ ഒരു ബന്ധു നരകിച്ച കഥ ഒക്കെ അറിയില്ലേ? പിന്നെ  ഷോ ഉണ്ടായ സംഭവം ഒക്കെ പറഞ്ഞു.

അപ്പോഴാണ് രാജേഷിന് സംഭവം സീരിയസ് ആണെന്ന് മനസിലായത് ... ദൈവമേ ഈ ചെക്കനെ ഇനി ഇപ്പൊ എവിടെ കൊണ്ട് പോകും ജപ്പാനിലെ ആശുപത്രി ഒക്കെ എട്ടു മണിക്ക് അടയ്ക്കുമല്ലോ? ഷാജാ .. ടാ ഷാജാ പണി പാളിയെടാ ... ആ ഷോ ഒരു പണി ഒപ്പിച്ചു ന്നെ വേഗം ആമ്പുലൻസ് വിളി ..ഞാൻ ആ ദീപക്കിനെ വിളിച്ചു വിവരം പറയാം അവനും ഇത്തിരി ടെൻഷൻ അടിക്കട്ടെ ഒന്നുമില്ലെങ്കിലും ഈ മണ്ടൻ കൊണാപ്പിയെ ഇങ്ങോട്ടു കേറ്റി വിട്ടു നമുക്ക് പണി തന്നതല്ലേ ...

എടാ നീ കാര്യം പറ എന്തിനാ ആമ്പുലൻസ്? ഷോ എന്ത് പണിയ ഒപ്പിച്ചെ ? എവിടുന്നെങ്കിലും തല്ലു മേടിച്ചോ? ശരണിന്റെ കുട്ടുകാരനല്ലേ ഒപ്പിക്കും അവൻ ഒപ്പിക്കും എനിക്കറിയാം ...

എടാ ഷാജാ ഇത് അതൊന്നുമല്ല സംഭവം സീരിയസാ .. നീ ആംബുലൻസ് കിട്ടുമോ എന്ന് നോക്ക് ഞാൻ റൂമിലോട്ട് പോകാം. രാജേഷ് കാര്യം പറഞ്ഞു.

റൂമിലോട്ട് പോകുന്ന വഴി മുഴുവൻ രാജേഷ് ഫോൺ വിളിക്കുന്നുണ്ടായിരുന്നു. റൂമിൽ എത്തിയപ്പോഴാണ് സംഭവം വിചാരിച്ചത്രയും ഇല്ല ഷോ അവിടെയും ചെറുതായി ഒന്ന് തള്ളിയായിരുന്നു, എന്നാലും നല്ല പണി ആണെന്ന് മനസിലായത്. അപ്പോഴേക്കും സാജൻ ആംബുലന്സുമായി എത്തി. അങ്ങനെ ഇവിടെ നിന്നും ജപ്പാനിൽ പോയ വരിൽ ആദ്യമായി ആംബുലൻസിൽ കേറിയവൻ എന്ന ഖ്യാതി ഷോ അടിച്ചുമാറ്റി.

എടാ നീ ആ ദീപക്കിനെ വിളിച്ചു പറഞ്ഞാ ? ആമ്പുലൻസിൽ വച്ച് ഷാജൻ ചോദിച്ചപ്പോഴാണ് രാജേഷ് അക്കാര്യം ഓർത്തത്. വേഗം തന്നെ ഫോണെടുത്തു വിളിക്കാൻ തുടങ്ങി.

എടാ ദീപക്കെ ഒരു പണി കിട്ടിയെടാ ... നമ്മുടെ ഷോ ഇല്ലേ അവൻചൂടായി ഇരുന്ന പ്രഷര്കുക്കർ അറിയാതെ തുറന്നു മുഖം മുഴുവൻ പൊള്ളി ... കണ്ണിൻെറ സൈഡിലാണ് .. പണി കിട്ടുമെന്ന തോന്നുന്നേ ...
...
ഭ്ഭ ഒരുത്തനു പണി കിട്ടി ഇരിക്കുമ്പോഴാണോടാ ചെറ്റ വർത്തമാനം പറയുന്നേ .. വച്ചിട്ട് പോടാ #$%%$.
--
അല്ലെടാ കോപ്പേ ... അതല്ലേ പറഞ്ഞത് .. ഞാൻ വിളിക്കാം നീ ഇപ്പൊ വച്ചോ ... നിനക്കുള്ളത് ഞാൻ പിന്നെ തരാം ...

എന്താ രാജേഷ്  അവനെന്താ പറഞ്ഞെ നീ എന്തിനെ അവനെ തെറി വിളിച്ചേ?
അല്ല ഷാജാ നമ്മളിവിടെ മുള്ളിന്മേ നിക്കുമ്പോ അവൻ ചോദിക്കുവാ "എന്നിട്ടു പ്രഷര്കുക്കറിന് വല്ലതും പറ്റിയോ എന്ന്"  അവനെ പിന്നെ ഞാൻ എന്തോ വിളിക്കണം?

അതുകേട്ടപ്പോ ഷോ യുടെ ഉണ്ടായിരുന്ന ബോധം കൂടി പോയി. അല്ല പോവാനും മാത്രം ബോധം പണ്ട് ഉണ്ടായിരുന്നെങ്കിൽ ആ പ്രഷർ കുക്കർ വലിച്ചു തുറക്കില്ലായിരുന്നല്ലോ ...

പൂട്ടി ഇട്ടിരുന്ന ഒരു ആശുപത്രി അവസാനം ഫയർ ഫോഴ്സ് ടീമിനെ കൊണ്ട് വിളിച്ചു പറയിച്ചു ഷാജൻ തുറപ്പിച്ചു. ഷാജൻ ആരാ മോൻ ... ജാപ്പനീസ് ഇത്ര ഭംഗിയായി സംസാരിക്കുന്ന വേറെ ആരുണ്ട് ഈ സൗത്ത് ഏഷ്യയിൽ ... അല്ല ഈ സൗത്ത് ഇന്ത്യയിൽ ...

ഡോക്ടർ വന്നു നോക്കിയിട്ടു വലിയ കുഴപ്പം ഒന്നും ഇല്ല ഒരാഴ്ച കഴിയുമ്പോൾ ശരി ആവും കളർ ചെയ്ഞ്ച് കുറെ നാൾ കഴിയുമ്പോ മാറിക്കോളും എന്നൊക്കെ പറഞ്ഞു വലിയൊരു ബാൻഡേജ് കെട്ടി വിട്ടു. അപ്പോഴാ എല്ലാര്ക്കും സമാധാനം ആയതു.

അപ്പോഴും ഇതൊന്നും അറിയാതെ വിനേഷ് റൂമിൽ എത്തിയിരുന്നു. തിരിച്ചു വരുമ്പോ ബോധം വന്ന ഷോ-ക്ക് ഒരേ നിർബന്ധം ആ കേക്ക് കട്ട് ചെയ്തിട്ട് എല്ലാരും വിനേഷിനെ വിഷ് ചെയ്തിട്ട് പോയാൽ മതി എന്ന്. അവന്റെ ആദ്യാഭിലാഷം അല്ലെ വയ്യാത്ത കുട്ടി അല്ലെ എന്നൊക്കെ വിചാരിച്ചു എല്ലാരും കൂടി അങ്ങനെ റൂമിൽ എത്തി.

ഷോ തന്നെ മെഴുകുതിരി ഒക്കെ കത്തിച്ചു വച്ച് വിനീഷിനെ ബെർത്ഡേ ബോയ് തൊപ്പി ഒക്കെ വെപ്പിച്ചു. എന്നിട്ടു ഫ്രിഡ്ജിൽ കവർ പൊട്ടിക്കാതെ വച്ചിരുന്ന കേക്ക് പായ്ക്കറ്റ് മേശപ്പുറത്തു വച്ച്.

വീട്ടിൽ പോകണമല്ലോ അല്ലെങ്കിൽ പെണ്ണുംപിള്ള പണി തന്നാലോ ... ഷാജൻ അത് വേഗം തുറന്നു. ഓരോ സാധനങ്ങൾ ആയി പുറത്തെടുത്തു .. കേക്ക് ഉണ്ടാക്കാനുള്ള മാവ്, രണ്ട് മുട്ട, കുറച്ചു പഞ്ചസാര, ഒരു കുപ്പിയിൽ കുറച്ചു എണ്ണ...

അപ്പൊ ഷോ യുടെ മുഖം കാണാൻ പറ്റിയവരാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ ...

രാജേഷ് സാൻ സത്യമായിട്ടും ഞാൻ ആ കടയിൽ പോയി ഒന്നും സംസാരിച്ചില്ല ....ഷോ കള്ളം പറയില്ല രാജേഷ്  സാൻ ...

വയ്യാത്ത ചെറുക്കൻ ആയതുകൊണ്ട് മാത്രം ... അത് കൊണ്ട് മാത്രം രാജേഷ് അവനെ കൊല്ലാതെ വിട്ടു.

ഫ്രൈ ചെയ്യാനുള്ള ചിക്കൻ എന്തിനാ പ്രഷർ കുക്കറിൽ വച്ചത് എന്നത് ഇന്നും ഒരു ദുരൂഹതയായി തുടരുന്നു

വാൽക്കഷ്ണം: എല്ലാരും പോയിക്കഴിഞ്ഞു ഷോ ഫോണെടുത്തു ...

ദീപക് സാൻ എന്നാലും നിങ്ങക്ക് എന്നോട് ഇത്രയും സ്നേഹം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല ദീപക് സാൻ .. നിങ്ങടെ സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ദീപക് സാൻ ... എന്തായാലും ഇതൊന്നും എന്റെ വീട്ടിലും ഓഫീസിലും ഒന്നും പറയല്ലേ ദീപക് സാൻ ... ഞാൻ കല്യാണം കഴിക്കാത്ത പയ്യനാ അറിയാല്ലോ ...

ഓരോ പ്രാവശ്യവും ഷോ ദീപക് സാൻ എന്ന് വിളിക്കുമ്പോഴും അതിൽ അനാവശ്യമായ ഒരു നീട്ടൽ ഉണ്ടോ എന്ന് ഞാൻ വെറുതെ സംശയിച്ചു. പിറ്റേന്ന് ഞാൻ ഓഫീസിൽ ചെന്നപ്പോൾ എല്ലാ പെൺകുട്ടികളും കറുത്ത ഷാൾ ഇട്ടാണ് വന്നിരിക്കുന്നെ. ഞാൻ കാര്യം തിരക്കിയപ്പോ അവരെന്നെ ക്രൂരമായി നോക്കി ചോദിച്ചു സ്വന്തം ടീമിലെ ഒരുത്തൻ ദേഹമാസകലം പൊള്ളിയിട്ടും ഒരാഴ്ചയേ ലീവ് കൊടുത്തുള്ളൂ അല്ലെ ദീപക് സാൻ ?

മുകളിൽ പറഞ്ഞതെല്ലാം വെറും സാങ്കല്പികം ആണെ ന്ന് ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ.. ല്ലേ... ല്ലേ ...  എന്നാലും... ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരോടെങ്കിലും സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം.

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ അമ്മച്ചി

Comments

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍