എനിക്ക് ഞാൻ ആവാൻ ഒരിടം
എത്ര നാൾ ഞാനീ മുഖംമൂടികൾ അണിയും? ഭാര്യയുടെ മുൻപിൽ ഒന്ന് മകളുടെ മുൻപിൽ മറ്റൊന്ന് സഹപ്രവർത്തകരുടെ മുൻപിൽ മറ്റൊന്ന്, ബന്ധുമിത്രാദികൾക്കിടയിൽ വേറൊന്ന് ... അങ്ങനെ അങ്ങനെ എത്രയെണ്ണം ... എണ്ണമില്ലാത്ത മുഖം മൂടികളാൽ നിറഞ്ഞിരിക്കുകയാണെന്റെ മനസ്സ്. അതെന്നെ ചെറുതായൊന്നുമല്ല വീർപ്പുമുട്ടിക്കുന്നത്. വർഷങ്ങൾ കഴിയുംതോറും എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുകയാണെന്നു ഒരു തോന്നൽ ... അല്ല നഷ്ടപ്പെടുകയാണ്. ശരിയായ ഞാൻ ഏതു, മുഖംമൂടിയേത് എന്നറിയാൻ ആവാത്ത ഒരവസ്ഥ. അതിൽ നിന്നൊരു മോചനം വേണ്ടേ?
ഞാനായ എന്നെ സ്നേഹിക്കാൻ കഴിയുന്നവർ മതി എന്റെ കൂടെ എന്ന് തീരുമാനിച്ചാൽ ഒരുകൈയിലെ വിരലിൽ എണ്ണാനുള്ളവരെ എന്റെ കൂടെ ഉണ്ടാകൂ എന്ന ഭയമാണ് നമ്മളെ ഓരോരുത്തരെയും മുഖംമൂടികൾക്കുള്ളിൽ ഒളിപ്പിക്കുന്നത്. അതെ ഭയമാണ് എനിക്ക് ... ഭയമായിരുന്നു എനിക്ക് ... നഷ്ടപ്പെടലിനെ ... അങ്ങനെ ആണ് ഞാൻ മുഖം മൂടികളെ സ്നേഹിച്ചു തുടങ്ങിയത് ... പല തരം മുഖംമൂടികൾ ധരിക്കുന്നു ഞാൻ ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ, പലതും നഷ്ടപ്പെടാതിരിക്കാൻ! എന്നിട്ടും പലതും നഷ്ടപ്പെടുന്നു മനസ്സമാധാനം പോലും ...
എനിക്ക് ഞാൻ ആവാനും ഒരിടം വേണ്ടേ ? അതെ ഞാനും പച്ചയായ ഒരു മനുഷ്യനാണ്. ദേഷ്യം വരുമ്പോൾ പച്ചത്തെറി പറയാനും സങ്കടം വരുമ്പോൾ കരയാനും സന്തോഷം വരുമ്പോൾ ചിരിക്കാനും ഒരിടം. മുഖംമൂടികൾ വേണ്ടാത്ത ഒരിടം. മുഖംമൂടികൾക്കുള്ളിലെ പച്ചയായ എന്നെ തിരിച്ചറിയുന്നവർ ഉള്ളിടം. അവിടെ എന്നെയാരും അളക്കുന്നില്ല, എന്നെയാരും പഴിക്കുന്നില്ല, എന്നെയാരും തിരുത്തുന്നില്ല... ഞാൻ ഞാനായിരിക്കുന്നൊരിടം ... അങ്ങനെ ഒരിടം എനിക്കുമുണ്ട്, കയറി ചെല്ലാൻ ആരുടെയും അനുവാദം വേണ്ടാത്ത ഒരിടം.
എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു അച്ഛനും അമ്മയും; എന്നെ അളക്കാത്ത പഴിക്കാത്ത. പക്ഷെ ഞാനതു തിരിച്ചറിയാൻ വളരെ വൈകിപ്പോയി. ഇന്നെന്റെ പപ്പ ഇല്ല എന്റെ കൂടെ ... പപ്പ മരിച്ചിട്ടു രണ്ടു വര്ഷം ആവാറായി. ഇപ്പോഴെനിക്ക് കൊതിയാണ് പാപ്പയോടൊന്നു സംസാരിക്കാൻ ... പപ്പയുടെ അടുത്തൊന്നിരിക്കാൻ ... സാധിച്ചിട്ടില്ല പണ്ടും; ഞാൻ അണിഞ്ഞിരുന്ന മുഖം മൂടികൾ എന്നെ അനുവദിച്ചിരുന്നില്ല. താമസിച്ചുപോയി ഞാൻ ഒരുപാട് ... എന്റെ തെറ്റ് ... പപ്പാ മാപ്പ് .. മാപ്പ് ... മാപ്പ് ...
മുഖംമൂടികൾ ഓരോന്നായി വലിച്ചെറിയട്ടെ ഞാൻ, ഒരിക്കലും തിരിച്ചെടുക്കാനാവാത്തിടത്തേക്ക്. അറബിക്കടലിന്റെ ആഴങ്ങളിലേക്ക് ... പർവ്വതങ്ങളുടെ അപ്പുറത്തേക്ക് ... ആ മുഖംമൂടികൾ മാത്രം അറിയുന്നവരാണ് ഏറെയും ... മുഖം മൂടികൾ അഴിച്ചുമാറ്റുമ്പോൾ അസ്വസ്ഥരാകുന്നവർ ... എനിക്കിവിടെ ശ്വാസം മുട്ടുന്നു എന്നറിയാത്തവർ ...
പച്ചയായ എന്നെ നിങ്ങൾ കണ്ടുകൊള്ളൂ ... ഇനിയെങ്കിലും നമുക്ക് പരസ്പരം അറിയാൻ കഴിയട്ടെ ...
Comments
Post a Comment