മനുവിനു കല്യാണം - ഒരു മച്യൂരിറ്റി പ്രശ്നം

എന്റെ ഒരു അടുത്ത സുഹൃത്താണ്‌ ധൃഷ്ടുധ്യുമനന്‍‌ . ആ പേരു വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി അല്ലേ? ഒരു സൗകര്യത്തിനു നമുക്കവന്റെ പേരു ചുരുക്കി "മനു" എന്നു വിളിക്കാം. കണ്ടോ ഇപ്പോ എളുപ്പമായില്ലേ? എന്നാല്‍ ഇനി കഥ... അല്ല കാര്യം പറയാം.  മനുവിന്റെ കല്യാണം നിശ്ചയിച്ചു. അതിലിത്ര പറയാനെന്തിരിക്കുന്നു എന്നു ചോദിക്കാന്‍ വരട്ടെ. മനുവിനു കല്യാണം കഴിക്കാനുള്ള മച്യൂരിറ്റി ആയിട്ടില്ല എന്നാണ്‌ പൊതുവേ പറയുന്നത്‌.
കഴിഞ്ഞ മൂന്നു മാസത്തെ നിരന്തരശ്രമങ്ങള്‍ ക്കൊടുവിലാണ്‌ മനുവിന്റെ അച്ഛന്‍ ഈ കല്യാണത്തിനു സമ്മതിച്ചതു. ഇപ്പൊ നിങ്ങളുടെ മനസ്സിലുണ്ടായ ചോദ്യം "മനു ആരെയെങ്കിലും പ്രേമിച്ചിരുന്നോ?" എന്നാല്ലേ? ഹേയ് മനു അത്തരക്കാരനേയല്ല. മറ്റു പെണ്ണുങ്ങളുടെ മുഖത്തു (മാത്രം) നോക്കുന്ന ടൈപ്പല്ല. മനുവിന്റെ വീട്ടിലെ മുറിയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന വീട്ടിലുള്ള ഈ പെണ്‍കുട്ടിയുടെ (ഫാവി ഫാര്യ) മുഖത്തു പ്രത്യേകിച്ചും. പിന്നെന്താ പ്രശ്നം? ... മച്യൂരിറ്റി.

മനു : അച്ഛാ എനിക്കു കല്യാണം കഴിക്കണം.
അച്ഛന്‍ : വേറെ എന്തെല്ലാം കഴിക്കാന്‍ കിടക്കുന്നു. അതൊക്കെ കഴിച്ചിട്ടു പോരെ?
മനു : അച്ഛന്‍ തമാശിച്ചതാ?
അച്ഛന്‍‌ : എടാ മോനെ ... നിനക്കതിനുള്ള മച്യൂരിറ്റി ആയോ?
മനു : അച്ഛന്‍ എന്റെ മച്യൂരിറ്റിയില്‍ പിടിച്ചുകളിക്കരുതു. ഞാന്‍ ജോലി ചെയ്യുന്നതുപോലും മച്യൂരിറ്റി ലെവല്‍ 5 ആയ കമ്പനിയിലാണ്‌.
അച്ഛന്‍‌ : എന്നാല്‍ നീ പറ ഒരു കിലോ അരിക്കെന്താ വില?
മനു : അത്‌ ...
അച്ഛന്‍‌ : പോട്ടെ, ഉപ്പ്? മുളക്‌? എന്തിന്റെയെങ്കിലും വില നിനക്കറിയാമോ?
മനു : ഇതൊക്കെ പഠിക്കാനല്ലേ ഞാന്‍ MBAക്ക് ചേര്‍‌ന്നത്? അത്‌ രണ്ട് മാസം കൊണ്ട് കഴിയും.
അച്ഛന്‍‌ : ങ്ഹേ? രണ്ട് വര്‍‌ഷം എന്നല്ലേ മുന്‍പ്‌ നീ പറഞ്ഞത്‌? ഇപ്പൊ രണ്ട് മാസമായോ?
മനു : ഞാന്‍ "ക്രാഷ്‌ MBA" ആണ്‌ ചെയ്യുന്നത്‌. അത്‌ രണ്ട് മാസം കൊണ്ട്‌ കഴിയും.
അച്ഛന്‍‌ : രണ്ട് വര്‍‌ഷം ശല്യം ഉണ്ടാകില്ല എന്നു വിചാരിച്ചാ നിന്നെ MBAക്ക് ചേര്‍ത്തത്‌. രണ്ട് മാസം ഇപ്പൊ കഴിയുമല്ലൊ?
മനു : അതല്ലെ അച്ഛാ ഞാന്‍ പറഞ്ഞത്‌ എനിക്കു കല്യാണം കഴിക്കാറയി എന്നു.
അച്ഛന്‍‌ : ആത്മഹത്യ ചെയ്യാന്‍ വേറെ എന്തെല്ലാം വഴികളുണ്ട്‌ മോനെ? കല്യാണം തന്നെ കഴിക്കണോ? എലിവിഷം കഴിച്ചാലും പോരെ?
മനു : ഞാന്‍ ജോലിക്കുപോയാല്‍ അമ്മയും അച്ഛനും ഒരു കൂട്ടാകുമല്ലൊ എന്നു കരുതിയാ ഞാന്‍ കല്യാണം കഴിക്കാം എന്നു പറഞ്ഞത്‌. അമ്മ ഒറ്റക്കു അടുക്കളയില്‍ ജോലി ചെയ്യുന്നത് കണ്ടിട്ട് എനിക്കു സഹിക്കുന്നില്ലച്ഛാ! വേണ്ടെങ്കില്‍ വേണ്ട.
അച്ഛന്‍ : അതാണ്‌ നിന്റെ ആഗ്രഹമെങ്കില്‍ നടക്കട്ടെ.
മനു : (അത്മഗതം) ഹൊ! ആ നമ്പര്‍ ഏറ്റു.  ശിവനാരാ മോന്‍ ! ഈ ബുദ്ധി നേരത്തെ തോന്നിയില്ലല്ലോ? വെറുതെയല്ല എനിക്കു മച്യൂരിറ്റി പോര എന്നു അച്ഛന്‍ പറയുന്നത്‌.

അങ്ങനെ മനു നടുവേദന എന്ന വ്യാജേന ആയുര്‍‌വേദ ഡോക്ടര്‍‌ കൂടി ആയ പെണ്‍കുട്ടിയുടെ ക്‌ളിനിക്കില്‍ പെണ്ണു കാണാന്‍ ചെന്നു.

ഡോക്ടര്‍ : എന്താ വന്നതു? 
മനു : അത് .. ഒന്നു കാണാന്‍ .. അല്ല ചെറിയ നടുവേദന ...
ഡോക്ടര്‍ : സ്ഥിരമായിട്ടുണ്ടോ?
മനു : ഇല്ല നിവര്‍ന്നു നില്‍ക്കുമ്പോഴേ ഉള്ളു.
ഡോക്ടര്‍ : ടെക്നൊപാര്‍ക്കിലല്ലേ വര്‍ക്കു ചെയ്യുന്നെ?
മനു : (അഭിമാനത്തോടെ) അതെ എങ്ങനെ മനസ്സിലായി ഡോക്ടര്‍ ?
ഡോക്ടര്‍ : കഴുത്തിലൊരു തുടല്‍ ... അല്ല ടാഗ്‌ കണ്ടപ്പഴേ മന്‍സ്സിലായി.
മനു : ഈയിടെയായി നടുവേദന കുറച്ചു കൂടുതലാണ്‌.
ഡോക്ടര്‍ : നിവര്‍ന്നു നില്‍ക്കാനൊക്കെ പറ്റുമോ ടെക്നൊപാര്‍ക്കില്‍ ?
മനു : ഇല്ല...  അപ്രൈസല്‍ തുടങ്ങുന്നതിനു മുന്‍പുള്ള മൂന്നു മാസം നിവര്‍ന്നു നില്‍ക്കാനേ പറ്റില്ല.
ഡോക്ടര്‍ : അപ്രൈസല്‍ എപ്പോഴാ?
മനു : മൂന്നു മാസം കൂടുമ്പോഴാ അപ്രൈസല്‍ വരുന്നത്‌. ചെറിയവര്‍ക്ക് 100/-വലിയവര്‍ക്ക് 200/- അങ്ങനെയാ അപ്രൈസല്‍ തരുന്നത്‌.
ഡോക്ടര്‍ : ആഹാ അത്രയും കിട്ടും അല്ലെ?
മനു : ഔട്ട് സ്റ്റാന്റിങ്ങ് എന്നു റേറ്റിങ്ങ് കിട്ടിയാല്‍ ഉള്ള കാര്യമാ പറഞ്ഞത്.
ഡോക്ടര്‍ : ഈ മരുന്നു കഴിച്ചാല്‍ മതി കുറയും.
മനു : എന്ത്‌ മരുന്നോ?
ഡോക്ടര്‍ : അല്ല. നടുവേദന. ഈ കഷായം പുതിയതാ.
മനു : ഈ കാഷായം കയ്പ്പാണോ ഡോക്ടര്‍‌ര്‍‌ര്‍ ?
ഡോക്ടര്‍ : കാഷായം അല്ല കഷായം ... ചെറിയ കയ്പുകാണും.
മനു : ഡോക്ടറിന്റെ ഫീസ്‌?
ഡോക്ടര്‍ : നിങ്ങളുടെ അപ്രൈസല്‍ പോലെ തന്നെ. കുട്ടികള്‍ക്ക്‌ 100/- വലിയവര്‍ക്ക് 200/- താന്‍ എന്തായാലും 50/- തന്നാല്‍ മതി.
മനു : (ആത്മഗതം) വിണ്ടും മച്യൂരിറ്റി പ്രശ്നം. ബസ്‌സ്റ്റോപ്പില്‍ നിന്നു കണ്ടാല്‍ മതിയായിരുന്നു. മാനവും പോയി .. രൂപയും പോയി.

പിന്നീടെ ഫോര്‍മല്‍ ആയിട്ടുള്ള പെണ്ണുകാണലിനായി നേരത്തെ അറിയിച്ച പ്രകാരം മനുവിന്റെ മാമനും മനുവും കൂടി ഡോക്ടറുടെ വീട്ടില്‍ ചെന്നു. പെണ്ണിന്റെ അഛന്‍ അവരെ സ്വീകരിച്ചു.

അഛന്‍ : ഇതെന്താ മകനെയും കൂട്ടി വന്നതു? ചെറുക്കന്‍ വരാത്തതെന്താ? അവരു തമ്മിലല്ലെ കാണേണ്ടതു?
മാമന്‍ : അയ്യൊ ഇതു തന്നെയാ ചെറുക്കന്‍‌ ഇത്രെയുള്ളുവെങ്കിലും കാണുന്ന പോലെ ഒന്നും അല്ല കാഞ്ഞ വിത്താ ഇവന്‍ ... 
അഛന്‍ : ങ്ഹേ?
മാമന്‍ : അല്ല... നല്ല തങ്കപ്പെട്ട സ്വഭാവമാണെന്നാ ഞാന്‍ ഉദ്ദേശിച്ചതു.
അഛന്‍ : മോന് ആയുര്‍‌വേദത്തെ കുറിച്ചെന്തറിയാം?
മനു : ആയുര്‍‌വേദം പഠിക്കണം എന്നുണ്ടായിരുന്നു. ടൈം കിട്ടിയില്ല. ഹോമിയോ പഠിക്കണം എന്നു വിചാരിച്ചു കുറെ നാള്‍ നടന്നു. (മാമന്റെ ആത്മഗതം : മ്മ് മ്മ് .. തേരാ പാരാ ... തെക്കു വടക്ക്‌ ) കഴിഞ്ഞില്ല. പിന്നെ അലോപ്പതി ... അതെനിക്കിഷ്ടമല്ല. പിന്നെ ആകെ അറിയാവുന്നത്‌ ലാടവൈദ്യം ആണ്‌.  അത്‌ പ്രയോഗിച്ചപ്പോഴൊക്കെ എന്റെ പല്ല് നാട്ടുകാര്‍ ഇളക്കിയിട്ടുണ്ട്‌. അത് ഒരു ഹോര്‍ലിക്സ്‌ കുപ്പിക്കകത്ത്‌ ഇട്ടു വച്ചിട്ടുണ്ട് .. വീട്ടില്‍ .
മാമന്‍ : ഞാന്‍ അപ്പോഴെ പറഞ്ഞില്ലെ നല്ല തങ്കപ്പെട്ട സ്വഭാവമാണെന്ന്‌ ...
അഛന്‍ : മ്മ് മ്മ് ... ഏതായാലും ഞാന്‍ മോളെ വിളിക്കാം ... മോളെ ചായ എടുക്കാന്‍ അമ്മയോടു പറഞ്ഞിട്ടു ഇങ്ങു വരൂ ...
മനു : ചായ മോളു തന്നെ കൊണ്ടു വരില്ലെ?
അഛന്‍ : എന്താ പറഞ്ഞത്‌?
മാമന്‍ : അല്ല എനിക്കു ചായക്കു മധുരം വേണ്ട എന്നാ അവന്‍ പറഞ്ഞത് അല്ലെ മനു.
മനു : ങ്ഹെ ആ ആ അതെ.
ഡോക്ടര്‍ : ങ്ഹേ നിങ്ങളുടെ നടുവേദന മാറിയില്ലെ?
അഛന്‍ : മോളെ ഇതു പേഷ്യന്റല്ല. നിന്നെ കാണാന്‍ വന്ന ആളാ...
മനു : (ആത്മഗതം) വീണ്ടും മച്യൂരിറ്റി പ്രശ്നമാകുമൊ?
ഡോക്ടര്‍ : ഇയാളോ? ഇയാള്‍ കുറച്ചു ദിവസം മുന്‍പ് നടുവേദന ആണെന്നു പറഞ്ഞു ക്ലിനിക്കില്‍ വന്നിരുന്നു.
അഛന്‍ : ഓഹോ അതു ഇയാള്‍ ആണോ? വെറുതെയല്ല നടുവേദന വരുന്നത്. നല്ല തങ്കപ്പെട്ട സ്വഭാവമാണല്ലൊ? മോളെ അമ്മയോടു പറയൂ ചായ വേണ്ടാ എന്നു ...
മാമന്‍ : ഹേയ് അവന്‍ അതു വെറുതെ ഒരു തമാശക്ക്‌ ...
അഛന്‍ : ആ ... മനസ്സിലായി ... %^$@$*(#$

മാമനു പക്ഷേ അവസാനം പറഞ്ഞതു എന്താണെന്നു മന്‍സ്സിലായില്ല. മനുവിനു മനസ്സിലായോ എന്നു ചോദിക്കാന്‍ തിരിഞ്ഞു നോക്കിയ മാമന്‍ കണ്ടതു ഗേറ്റിലൂടെ പുറത്തേക്കോടുന്ന മനുവിനെയാണ്‌. ശിവനാരാ മോന്‍ !

പിന്‍‌കുറിപ്പ് : മാമന്‍ സ്വന്തം വീട്ടിലെത്തിയ ഉടനെ ഒരു ഹോര്‍ലിക്സ് കുപ്പി കഴുകി വച്ചു എന്നു സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ടുണ്ട്‌.

Comments

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍