ക്ഷേത്രവിചാരം - കൂനമ്പായിക്കുളം

പ്രശാന്തസുന്ദരമായ ഒരു ഗ്രാമപ്രദേശമാണ്‌ കൊല്ലം ജില്ലയിലെ കൂനംമ്പായിക്കുളം. പള്ളിമുക്കില്‍ നിന്നു ഏകദേശം ഒരു കിലോമീറ്റര്‍ വടക്കായാണു കൂനമ്പായിക്കുളത്തമ്മ എന്ന പേരില്‍ പ്രസിദ്ധമായ രണ്ട് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. ഈ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ്‌ ഞങ്ങള്‍ക്ക്‌ അവിടെ പോകാനുള്ള ഭാഗ്യം സിദ്ധിച്ചത്‌. പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതുമായ വിവരങ്ങള്‍ ഇവിടെ പങ്കുവയ്‌‌ക്കുന്നു. കൊല്ലം റെയില്‍വേസ്റ്റേഷനില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ ദൂരം തിരുവനന്തപുരം ഭാഗത്തേക്കു സഞ്ചരിച്ചാല്‍ പള്ളിമുക്കിലെത്താം. സൂപ്പര്‍ ഫാസ്റ്റ്‌ ഉള്‍പ്പെടെയുള്ള എല്ലാ ബസ്സുകള്‍ക്കും പള്ളിമുക്കില്‍ സ്റ്റോപ്പുണ്ട്‌. രാവിലെ തിരുവനന്തപുരത്തു നിന്നു വേണാട് എക്സ്‌പ്രെസ്സില്‍ കൊല്ലം റെയില്‍വേസ്റ്റേഷനില്‍ എത്തിയാല്‍ ഒരു ഓട്ടോയില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ 50 രൂപയുടെ ചിലവേ ഉള്ളു.

വലിയ കൂനമ്പായിക്കുളത്തമ്മ, കൊച്ചു കൂനമ്പായിക്കുളത്തമ്മ എന്നീ പേരുകളില്‍‌ ഭദ്രകാളി ദേവീ ആണു ഇവിടെ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നത്‌. രണ്ടു ക്ഷേത്രങ്ങ‍ളും പ്രധാന റോഡിന്റെ ഇരുവശത്തുമായി നടക്കാവുന്ന ദൂരത്തിലാണു സ്ഥിതി ചെയ്യുന്നതു. "മഹാ കാര്യസിദ്ധി പൂജ"യിലൂടെയാണു ഈ ക്ഷേത്രങ്ങള്‍ ജനശ്രദ്ധപിടിച്ചു പറ്റിയതു. എല്ലാ ചൊവ്വാഴ്ചകളിലും ആണു ഈ പൂജ നടത്താറുള്ളതു. ഇരുപത്തൊന്നു ആഴ്ചയാണു ഈ പൂജ നടത്തേണ്ടത്‌. ഈ പൂജയിലൂടെ പ്രശ്നപരിഹാരം നേടാം എന്ന വിശ്വാസമാണു എല്ലാ ചൊവ്വാഴ്ചകളിലും ഇവിടം ഒരു ജനമഹാസമുദ്രമാക്കി മാറ്റുന്നതു. ഈ പൂജ സ്വയം ചെയ്യേണ്ടതാണ്‌. സമൂഹപ്രാര്‍‌ത്ഥന രീതിയാണ്‌ ഇതിനു അവലംബിച്ചിരിക്കുന്നതു. പ്രാര്‍ത്ഥനാശ്ലോകങ്ങള്‍ അടങ്ങിയ പുസ്തകം പത്തു രൂപയ്ക്ക് ക്ഷേത്രപരിസരത്തും ക്ഷേത്രം ഓഫീസിലും ലഭ്യമാണു. പൂജയ്ക്കായി ക്ഷേത്രത്തില്‍ നിന്നും 21 രൂപയുടെ കൂപ്പണ്‍ എടുക്കണം. ഒരു തൂശനില, ഒരു ഒറ്റരൂപ നാണയം, കര്‍പ്പൂരം, വേപ്പില, വിവിധയിനം പൂക്കള്‍ എന്നിവയാണു പൂജാസാധനങ്ങള്‍. ക്ഷേത്രപരിസരത്തു ഇവ വില്‍‌പ്പനയ്ക്കു ലഭ്യമാണു. സമൂഹപ്രാര്‍‌ത്ഥനയ്ക്കുശേഷം പൂജാരി പ്രത്യേകം തയ്യാറാക്കുന്ന കലശത്തില്‍ കുങ്കുമം, ജലം, പഞ്ചാമ്യതം, പാല്‍, കരിക്ക്‌, മഞപ്പൊടി, ഭസ്‌മം, കളഭം ഇവ അഭിഷേകം ചെയ്യുന്നു. 1 രൂപ, ചന്ദനം, കുങ്കുമം, ശര്‍ക്കരപ്പായസം, പഴം ഇവ നേദ്യം ആയി നല്‍കും. 21-മത്തെ ആഴ്ച പഞ്ചാമ്യതാഭിഷേകം നടത്തിയാണു പൂജ പൂര്‍ത്തിയാക്കേണ്ടതു. ഒരോ പ്രാവശ്യവും പ്രസാദമായി ലഭിച്ച നാണയം അവസാന ദിവസ പൂജയ്ക്ക് ഉപയോഗിക്കാം. വലിയ കൂനമ്പായിക്കുളം ക്ഷേത്ര പരിസരത്തും കൂനമ്പായിക്കുളം എല്‍ പി സ്കൂള്‍ പരിസരത്തുമായിട്ടണു ഈ പൂജ നടത്തുന്നതു. ചൊവ്വാഴ്ച ദിവസങ്ങിളില്‍ ഈ സ്കൂളിന്‌ അവധിയാണ്‌. ഇരുപതിനായിരത്തോളം ഭക്തരാണു ഒരോ ചൊവ്വാഴ്ചകളിലും ഈ പൂജക്കായി ഇവിടെ എത്തിചേരുന്നതു. ദേവീദര്‍ശനതിനു ശേഷമേ പൂജ നടത്താവൂ എന്നാണു വിശ്വാസം. അതിനാല്‍ വളരെ നേരത്തെ തന്നെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതാണ്‌ ഉത്തമം. ഞങ്ങള്‍ 6:30-നു ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പോള്‍ തന്നെ സാമാന്യം നല്ല തിരക്കായിരുന്നു. രാവിലെ ഒന്‍പതരക്കു തുടങ്ങുന്ന പൂജ അവസാനിക്കുമ്പോള്‍ എകദേശം പന്ത്രണ്ട് മണിയാകും. പൂജ നടക്കുമ്പോഴും ദേവി ദര്‍ശനത്തിനായി ഒരു വലിയ പുരുഷാരം കാത്തു നില്‍ക്കുന്നുണ്ടാകും. പൂജക്കു ശേഷം അന്നദാനവും നടക്കുന്നുണ്ട്‌‌.

ചന്ദ്രപ്പൊങ്കല്‍‌ ആണ്‌ ഇവിടത്തെ മറ്റൊരു വഴിപാട്. വലിയ കൂനമ്പായിക്കുളത്തമ്മയുടെ ഉത്സവത്തോടനുബന്ധിച്ചാണ്‌ ഇതു നടക്കാറുള്ളത്‌. കുംഭമാസത്തിലെ ഭരണി നാളില്‍ ആണ്‌ ഉത്സവം. ഭരണിക്ക്‌ പത്തു ദിവസം മുന്‍പ്‌ ഉത്സവത്തിനു കൊടിയേറുന്നു. കൊടിയേറിക്കഴിഞ്ഞുള്ള ആദ്യ വെള്ളിയാഴ്‌ചയാണ്‌ ചന്ദ്രപ്പൊങ്കല്‍‌‍. വൈകുന്നേരം ആരു മണിയോടെ ആരംഭിക്കുന്ന പൊങ്കാല രാത്രി എട്ടു മണിക്കു അവസാനിക്കും. തോറ്റംപാട്ട്, പറയ്‌ക്ക്‌ എഴു‌ന്നള്ളത്ത്‌ എന്നിവയാണ്‌ ഉത്സവത്തോടനുബന്ധിച്ചുള്ള മറ്റു ചടങ്ങുകള്‍.

കൊച്ചു കൂനമ്പായിക്കുളം ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌ "വിളക്കെടുപ്പ്‌" എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതും 21 ആഴ്ച കൊണ്ട്‌ പൂര്‍ത്തിയാക്കേണ്ടതാണ്. ആദ്യദിവസം ഒരു വിളക്കില്‍ തുടങ്ങി 21 ആഴ്ചയാകുമ്പോള്‍ ഇരുപത്തിയൊന്നു വിളക്കു താലത്തില്‍ വച്ച്‌ ദേവിയെ പ്രദക്ഷിണം വയ്ക്കുന്നതാണ്‌ ഈ വഴിപാട്‌. രണ്ട് രൂപയാണ്‌ ഒരു വിളക്കിനായി ക്ഷേത്രത്തില്‍ അടയ്‌‌ക്കേണ്ടത്‌. ആദ്യദിവസം പൂജാരി ഉപദേശിച്ചു തരുന്ന മന്ത്രം ചൊല്ലിയാണു പ്രദക്ഷിണം വയ്‌ക്കേണ്ടത്‌. പ്രദക്ഷിണത്തിന്റെ എണ്ണം വിളക്കിന്റെ എണ്ണത്തിനനുസരിച്ചാണ്‌. ഓരോ പ്രദക്ഷിണം കഴിയുമ്പോഴും ഒരു വിളക്ക്‌ (മണ്‍ ചിരാത്‌) ദേവിക്കു സമര്‍പ്പിക്കുകയും അടുത്തതില്‍ അഗ്നി പകരുകയും ചെയ്യണം. ഇങ്ങനെ ഇരുപത്തിയൊന്നു ദിവസം കഴിയുമ്പോള്‍ എല്ലാ ദോഷങ്ങളും അകലും എന്നാണു വിശ്വാസം.

വാല്‍: ഇത്തവണ ഫെബ്രുവരി പതിനൊന്നിനു കൊടിയേറി ഇരുപതിനു ഉത്സവം സമാപിക്കും. ശിവരാത്രി നാളിലാണ്‌ (2010 February 12) ചന്ദ്രപ്പൊങ്കല്‍.

Comments

  1. ഭക്തി ലൈനിലേക്ക് തിരിഞ്ഞോ??
    പ്രയോജനപ്രദമായ വിവരങ്ങള്‍.. ;-)

    ReplyDelete
  2. നല്ല പോസ്റ്റ്.

    ReplyDelete
  3. ഒരിക്കല്‍ വന്നിട്ടുണ്ട് ഇവിടെ..............

    ReplyDelete
  4. ഹലോ മാഷേ ഇതു കണ്ടാരുന്നോ..?

    ReplyDelete
  5. അതിനെ കുറിച്ചെഴുതാന്‍ വിട്ടു പോയി. സന്താനഭാഗ്യത്തിനു വേണ്ടി പ്രാര്‍ത്‌ഥിച്ചവര്‍ കെട്ടിയ തൊട്ടിലല്ലേ?

    ReplyDelete

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍