ഞാന്‍ കണ്ട സൂര്യോദയം

നീ സൂര്യോദയം കണ്ടിട്ടുണ്ടോ? ആ ചോദ്യം എന്നെ ആദ്യം ഒന്നു ഞെട്ടിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പം മനസിലായി എത്ര ശരിയാ ആ ചോദ്യം! പന പോലെ വളര്‍‌ന്നെ‌ങ്കിലും സൂര്യോദയം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ആ ചോദ്യം എന്റെ മനസ്സില്‍‌ കിടന്നു വട്ടം ചുറ്റി വട്ടം ചുറ്റി ക്ഷീണിച്ചപ്പൊള്‍ ഞാന്‍ തീരുമാനിച്ചു, എന്നാല്‍ പിന്നെ ഈ സൂര്യോദയം ഒന്നു കണ്ടിട്ടു തന്നെ വേറെ കാര്യം. നേരെ പോയി Google എടുത്തു സെര്‍ച്ചു കൊടുത്തു. അറിയാന്‍ പാടില്ലാത്ത എന്തു കാര്യത്തെക്കുറിചും സംസാരിക്കുന്നതിനു മുന്‍പു Google ചെയ്തിരിക്കണം എന്നാണല്ലോ "ബൂ"ലോകത്തിലെ ആദ്യ നിയമം പറയുന്നതു. അപ്പോഴാ മനസ്സിലായതു ഈ സൂര്യോദയം സൂര്യോദയം എന്നു പറയുന്ന സംഗതി എല്ലായിടത്തും കാണാന്‍ പറ്റില്ല, കന്യാകുമാരി എന്നോ മറ്റോ പറയുന്ന ഒരു സ്‌ഥലമുണ്ട്‌. അവിടെ പോയാലെ ഈ സൂര്യോദയം എന്ന സംഗതി കാണാനൊക്കു!
എന്നാല്‍ പിന്നെ വച്ചു താമസിപ്പിക്കുന്നതെന്തിനു? അങ്ങു പൊയ്ക്കളയാം! "ഡാ!! നിക്കടാ അവിടെ!" പെട്ടിം ഭാണ്ടോം ഒക്കെ പെറുക്കി ഇറങ്ങിയപ്പം പിറകീന്നു ഒരു വിളി! (ആത്‌മഗതം: ഹൊ ഈ മമ്മിയോടു പലപ്രാവശ്യം പറഞിട്ടുണ്ട്‌ നല്ല കാര്യത്തിനു പോകും‌പം പിറകീന്നു വിളിക്കരുതു എന്നു. ഈ മമ്മിടെ ഒരു കാര്യം! NB: ഉറക്കെ പറഞ്ഞാല്‍ ഇതു നിങ്ങളൊടു പറയാന്‍ ഞാന്‍ ബാക്കി കാണില്ല)

എങ്ങോട്ടാ പൊക്കണൊം തൂക്കി?
മമ്മീ... അതു പിന്നെ ... ഞാന്‍ ... സൂര്യോദയം... കന്യാകുമാരി ... കാണാന്‍...
നീ ഇവളെ കൊണ്ടു പൊകുന്നില്ലെ?

അപ്പഴാ സുഹ്രുതുക്കളേ ഞാന്‍ പത്തു മുപ്പതു ദിവസങ്ങള്‍ക്കു മുന്‍പു വിവാഹിതനായി എന്ന നഗ്ന സത്യം ഓര്‍ത്തത്. ഇനിയിപ്പം പഴയതു പോലെ അങ്ങു പോകാന്‍ പറ്റില്ലല്ലൊ! പണ്ടായിരുന്നെങ്കില്‍ എതെങ്കിലും train കയറി എവിടെയെങ്കിലും പോയി എന്തെങ്കിലും കുടിച്ചു ... അല്ല ... കണ്ടു എവിടെയെങ്കിലും കിടന്നിട്ടു (ഓടയില്‍ അല്ല ... തെറ്റിദ്‌ധരിക്കരുത്‌ ) വരാമായിരുന്നു.

ഞാന്‍ ഒന്നും അറിയാത്തപോലെ പതുക്കെ തിരിച്ചു കയറി. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഒരു പാട്ടു വച്ചു. പെട്ടെന്നു എനിക്കെന്തോ പാട്ടു കേള്‍ക്കണം എന്നു തോന്നി. അല്ലാതെ നിങ്ങള്‍ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല. പാട്ടിന്റെ volume കുറച്ചപ്പൊ മമ്മിടെ വക കമെന്റ് കേട്ടു. "മിഥുനത്തിലെ മഴയ്ക്കു ഇടിയും പതിവാണല്ലോ. ആദ്യത്തെ മഴ ആയതു കൊണ്ടായിരിക്കും ഇല്ലാത്തെ അല്ലെ മോനെ" (സത്യമായിട്ടും ഇടി ഇല്ലായിരുന്നു. എന്നെ നിങ്ങള്‍ വിശ്വസിക്കണം.) അല്പം കഴിഞപ്പോഴാണു എനിക്കു മനസിലായതു സൂര്യോദയം കണ്ടിട്ടില്ലാത്ത ഒരാളും കൂടി ഈ ഭൂലോകത്തു ഉണ്ടു എന്നും അതു എന്റെ ശ്രീമതി തന്നെയാണെന്നും. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട്‌ എന്നു പറഞ്ഞതു പോലെ ആയി കാര്യങ്ങള്‍. (ആരാണു ഈനാംപേച്ചി ആരാണു മരപ്പട്ടി എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. എന്തിനാ വെറുതെ ഈനാംപേച്ചിക്കും മരപ്പട്ടിക്കും നാണക്കേടു ഉണ്ടാക്കുന്നെ?) കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്കു ഇനി എന്തായാലും സൂര്യോദയം എന്റെ ശ്രീമതിക്കു കാണിച്ചുകൊടുത്തിട്ടു തന്നെ വേറെ കാര്യം. ഹല്ല പിന്നെ!! നീ കണ്ടില്ലെങ്കിലും അവളെ കാണിക്കണം, അവള്‍ കുടിച്ചില്ലെങ്കിലും നീ കുടിക്കണം (അക്കാര്യത്തില്‍ മാത്രം ഒരു വിട്ടുവീഴ്ച്ചയും പാടില്ല) എന്നൊക്കെയാണല്ലൊ പ്രമാണം. പോകുന്ന വഴിക്കു "സൂര്യോദയം കാണാതെ ഇനി ഇങ്ങോട്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചാല്‍ നമ്മുടെ പട്ടീടെ പേരു പട്ടിക്കു തന്നേ കൊടുത്തേക്കണം" എന്നു മമ്മിയോടു പ്രത്യേകം പറഞ്ഞു. വെറുതെ പട്ടിടെ കടി ഞാന്‍ എന്തിനാ കൊള്ളുന്നെ? അല്ലെങ്കിലെ അവനെന്നെ കണ്ടുകൂടാ.

അങ്ങനെ ഞങ്ങള്‍ ഉദ്യാനനഗരത്തില്‍ നിന്നും കന്യാകുമാരി വരെ പോകുന്ന ട്രെയിനില്‍ സൂര്യോദയം കണാന്‍ പുറപ്പെട്ടു. കയറിയപ്പോള്‍ തന്നെ ഞങ്ങളുടെ സംശയം ബലപ്പെട്ടു. ഈ ലോകത്തു ഞങ്ങള്‍ മാത്രമെ ഉള്ളോ സൂര്യോദയം കാണാത്തവരായി? യാത്രക്കാരായി ഞാനും അവളും പിന്നെ എഞ്ചിന്‍ ഡ്രൈവറും ഗാര്‍ഡും മാത്രം. കാഴ്ചകളൊക്കെ കാണാനുള്ള സൗകര്യത്തിനായി ഞാങ്ങള്‍ സൈഡ്‌ സീറ്റിലാണു ഇരുന്നതു. വന്ന വഴി മറന്നാലും വായിനോട്ടം മറക്കാമോ? എങ്ങാനും സൂര്യോദയം ഇടക്കു വച്ചെങ്ങാനും കാണാന്‍ പറ്റിയാല്‍ കന്യാകുമാരി വരെ പോകാതെ കഴിക്കാമല്ലോ എന്നൊരു ഉദ്ദേശവും ഉണ്ടായിരുന്നു. കൊച്ചു വര്‍ത്തമാനവും പറഞിരിക്കുന്നതിനിടക്കു പെട്ടെന്നു എന്റെ കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ... ഹൊ! ട്രെയിന്‍ ഒരു ഗുഹയില്‍ കയറിയതായിരുന്നു. ഞാനങ്ങു പേടിച്ചു പോയി. വീണ്ടും രണ്ടു മൂന്നു പ്രാവശ്യം കണ്ണില്‍ ഇരുട്ടു കയറുകയും ഞാന്‍ പേടിക്കുകയും ചെയ്‌തപ്പോള്‍ ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തി.

ഓട്ടോക്കാരൊക്കെ ഭയങ്കര മാന്യന്മാര്‍ ആയതുകൊണ്ട്‌ അഞ്ചുമിനിട്ട് നടക്കാനുള്ള ദൂരത്തിനു അന്‍പതു രൂപയെ വാങ്ങിയുള്ളു. നേരത്തെ ബുക്കു ചെയ്ത റൂമില്‍ പോയി പെട്ടെന്നു തന്നെ കുളിച്ചു (സംശയിക്കണ്ട ഞാനും ഇടക്ക്ക്കൂ കുളിക്കാറുണ്ട്) ഫ്രെഷ് ആയി നേരെ ഹോട്ടലിലേക്കു വച്ചു പിടിചു. വരുന്ന വഴിക്കു തന്നെ അതൊക്കെ കണ്ടുപിടിച്ചായിരുന്നു. അല്ലെങ്കിലും മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കണ്ടല്ലോ. രാവിലെ രണ്ടു കുറ്റി പുട്ടും രണ്ട്‌ ഏത്തപ്പഴവും മാത്രമെ കഴിച്ചുള്ളു അതുകാരണം ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. തല്‍ക്കാലം ലൈറ്റായിട്ടു ഒരു കോഴിയെ തിന്നിട്ട്‌ വിവേകാനന്ദപ്പാറയില്‍ പോകാം എന്ന ശ്രീമതിയുടെ തീരുമാനം ഞാന്‍ മനസില്ലാമനസ്സോടെ സമ്മതിച്ചു. (സമ്മതിചില്ലെങ്കിലും അതെ നടക്കു എന്നു ഞാന്‍ പറയാതെ തന്നെ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും മനസിലായിക്കാണും. മനസ്സിലായവരൊക്കെ വിവാഹിതരായവരാണെന്നു മനസിലാകത്തവര്‍ക്കു വേണ്ടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ. എന്നു വച്ചാല്‍ നീയൊക്കെ അനുഭവിക്കാന്‍ കിടക്കുന്നെ ഉള്ളു എന്നു.‍) ഇനിയിപ്പം വിവേകാനന്ദപ്പാറ എവിടെ ആണൊ ആവോ... അങ്ങനൊരു സാധനം വരുന്ന വഴിക്കൊന്നും കണ്ടില്ലായിരുന്നല്ലൊ ഇവളിതെങ്ങനെ മനസ്സിലാക്കി എന്നു ഞാന്‍ ആലോചിക്കാന്‍ തുടങ്ങിയപ്പൊഴേക്കും ചിക്കന്‍ ബിരിയാണി വന്നു. പിന്നെ ഒന്നും ആലൊചിക്കാന്‍ നിന്നില്ല വേഗം കഴിച്ചു തീര്‍ത്തിട്ടു ഒരെണ്ണം കുടി എന്നു പാറയാന്‍ തുടങ്ങിയപ്പോള്‍ "ചോര വരും" എന്നു പറയുന്ന കേട്ടു. പിന്നെ ഞാന്‍ അവിടെ നിന്നില്ല. അപ്പുറത്തെ ടേബിളില്‍ ഇരുന്ന "കൊരച്ചു കൊരച്ചു" മലയാ‍ളം പറയുന്ന ചേച്ചി ചേട്ടനോട് (പാവം ചേട്ടന്‍) "ചോറ്‌ വരും" എന്നു പറഞ്ഞതായിരുന്നു എന്നു പിന്നീട്‌ ആണു എനിക്കു മനസ്സിലായതു.

ഇവിടെ ഒരു വാക്സ് മ്യൂസിയവും വാട്ടര്‍ തീം പാര്‍ക്കും ഉണ്ട്‌ എന്നു ഗൂഗിളില്‍ കണ്ടായിരുന്നു. സമയം കിട്ടിയാല്‍ അവിടെം പോകണം.
ഓഹൊ ഇതാണൊ കാര്യൊം.... (മനസ്സില്‍ പറഞ്ഞതു: ഗൂഗില്‍ കണ്ടുപിടിച്ചവന്റെ തലയില്‍ ...)
ഏത്‌ ...
അല്ല ഒന്നൂല്ല... ഞാന്‍ അലോചിക്കുവാരുന്നു നീ ഈ വിവേകാനന്ദപ്പാറ എങ്ങനെ കണ്ടുപിടിച്ചു എന്ന്‌. (മനസ്സില്‍ പറഞ്ഞതു: ചിക്കന്‍ ബിരിയാണി കഴിചിട്ടു ഉറങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാന്‍, എണീറ്റിട്ട് ഒരു ബിരിയാണി കൂടി കഴിക്കാം എന്നു വിചാരിച്ചിരിക്കുംപോഴാ നട്ടുച്ച വെയിലത്ത്‌ അവളുടെ ഒരു വിവേകാനന്തപ്പാറ)വഴി അറിയില്ലല്ലോ എന്നു പറയാന്‍ തുടങ്ങിയപ്പോഴെയ്ക്കും പോകാനുള്ള വഴിയൊക്കെ അവള്‍തന്നെ പറഞ്ഞുതന്നു. പത്തു മുപ്പതു ദിവസമായില്ലെ എന്റെ കൂടെ പൊറുക്കാന്‍ തുടങ്ങിയിട്ടു... എന്റെ സ്വഭാവം അവള്‍ നല്ലപോലെ മന‍സ്സിലാക്കിയിരിക്കുന്നു എന്ന്‌ ഞാന്‍ മന‍സ്സിലോര്‍ത്തു. അങ്ങനെ പാര അല്ല പാറ കാണാനായി ബോട്ടില്‍ കയറി ചെന്നപ്പോള്‍ ദേ ആപ്പുറത്തൊരാള്‍ നിക്കുന്നു. "തിരുവള്ളുവര്‍" എന്നാ പേരു. പുള്ളീക്കാരന്‍ പണ്ട്‌ "തിരുക്കുരള്‍" എന്നൊരു പുസ്‌തകം എഴുതിട്ടുണ്ടത്രെ. വല്ലെടതുന്നും കോപ്പി അടിച്ചതായിരിക്കും, അല്ലെങ്കില്‍ പിന്നെ ഈ കൊടും വെയിലത്തു പാവത്തിനെ ഇങ്ങനെ കടലിന്റെ നടുക്കു കൊണ്ടു നിര്‍ത്തുമൊ? എന്തായാലും ഒന്നു പരിചയപ്പെട്ടേക്കാം എന്നു കരുതി അവിടെം പോയി.

ചുട്ടുപൊള്ളുന്ന ഉച്ചവെയില്‍ ഉച്ചിയില്‍ അടിച്ചപ്പം ഉച്ചകിറുക്കിനു ചെറിയ ശമനം ഉണ്ടായി. ഹൊ ഇപ്പഴാ ഓര്‍ത്തത്‌ സൂര്യോദയം കാണാതെ തിരിച്ചു പോയാല്‍ ... ഒരു ചേട്ടന്‍ ഇപ്പൊ ബീച്ചില്‍ പോയാല്‍ "സൂര്യാസ്തമയം" കാണാം എന്നു പറഞ്ഞു തന്നു. അസ്തമയം‌ ‌മ്മ്മ്മ്മ്മ് അതു കൊറെ കണ്ടതാ ... ഈ ചേട്ടനെന്താ ചെവികേട്ടൂടെ?
ചേട്ടാ "സൂര്യൊദയം ... ... സൂര്യൊദയം ... "
രാവിലെ ബീച്ചില്‍ വന്നാല്‍ കാണാത്രെ! എനിക്കപ്പൊഴെ സംശയമായി, അതെങ്ങനാ ശരിയാവുന്നെ? കടലില്‍ അസ്തമിക്കുന്ന സൂര്യന്‍ എങ്ങനാ അവിടെ തന്നെ ഉദിക്കുന്നെ? പണ്ടൂ സ്‌കൂളില്‍ പഠിപ്പിച്ചതു കേരളതിന്റെ കിഴക്കു സഹ്യപര്‍വ്വതം പടിഞ്ഞാറു അറബിക്കടല്‍ എന്നൊക്കെ ആണല്ലൊ ആ കണക്കു വച്ചു ഇതു ശരിയാവില്ലല്ലോ. ഇനിയിപ്പം സാറിനു തെറ്റിയതായിരിക്കുമോ?‌ഹെയ് അങ്ങനെ വരാന്‍‌വഴിയില്ല. ഞാനാരാ മോന്‍, ഹും എന്നെയാ പറ്റിക്കാന്‍ നൊക്കുന്നെ! ഞാന്‍ അവിടെ കണ്ട എല്ലാ ചേട്ടന്‍മാരോടും ചോദിചു. എല്ലാപേരും ഒരേ ഉത്തരം തന്നെ തന്നു. അപ്പൊ സാറിനു തെറ്റിയതായിരിക്കും. ഏതായലും നാളെ രാവിലെ അറിയാമല്ലൊ!

സമയം അഞ്ചര. കഴിച്ച ബിരിയാണി ആവി ആയിപ്പോയി എന്നാ തോന്നുന്നെ. അടുത്തു കണ്ട ഒരു ഹോട്ടലില്‍ കയറി ലൈറ്റായിട്ടു നാലു ചപ്പാത്തിം ചിക്കന്‍ കറിം കഴിച്ചെണീറ്റപ്പം മണി ആറര. (നാലു ചപ്പാത്തിം ചിക്കന്‍ കറിം കഴിക്കാന്‍ ഒരുമണിക്കൂറോ ... സംശയിക്കണ്ട ... അതു ഞാന്‍ അവസാനം ഓര്‍ഡര്‍ ചെയ്തതാ. എല്ലാം ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ ഞാന്‍ എവിടെ എത്തിയേനെ!) സൂര്യസ്തമയം അതിന്റെ പാട്ടിനു പോയിക്കാണും. ഒരു ഓട്ടോ പിടിച്ചു ബീച്ചില്‍ പോയി. ഭാഗ്യം ... "ഇന്നു സൂര്യസ്തമയം 6:45 pm" എന്നു ബോര്‍ഡ് വച്ചിരിക്കുന്നു. അടുത്ത വരിയില്‍ ഇങ്ങനെ വായിച്ചു "നാളെ ഉദയം 5:50 am" ഒന്നുകൂടി സൂക്ഷിച്ചു നോക്കി .. 5:50am തന്നെ. ഹും എന്റെ പട്ടി വരില്ല പിന്നാ ഞാന്‍. ഇത്രെം വര്‍ഷത്തിനിടയ്ക്കു 7 മണിക്കു മുന്‍പു ഞാന്‍ മൂത്രം ഒഴിക്കാന്‍ പോലും എണീറ്റിട്ടില്ല പിന്നാ സൂര്യൊദയം ... ഏതായാലും ഇത്രെം ദൂരം വന്നതല്ലെ ശ്രമിച്ചു നോക്കാം എന്ന ശ്രീമതിയുടെ അഭിപ്രായം ഞാനങ്ങു സമ്മതിച്ചു. (സമ്മതിച്ചല്ലെ പറ്റു യേത്‌ .. ആ.. അതു തന്നെ) അങ്ങനെ 5 മണിക്കു അലാറം വച്ചു. 5:34 മതി എന്നു ഞാന്‍ പറഞ്ഞിട്ടും ശ്രീമതി സമ്മതിച്ചില്ല.

ഈ SNOOZE എന്ന വാക്കു കണ്ടൂപിടിച്ചവനെ ആദ്യം തല്ലണം. അതില്ലായിരുന്നെങ്കില്‍ ...
...
...
...
...
...
...
ഒരു പ്രാവശ്യം അല്ലെ പിന്നെ ആ സാധനം തൊള്ള തുറക്കു...

----------------------------------------------------------------------------------
തലക്കഷണങ്ങള്‍: (എല്ലാരും വാല്‍ക്കഷണം എന്നല്ലെ എഴുതാറു. ഒരു ചെയ്‌ഞ്ചായിക്കൊട്ടെ എന്നു വച്ചു)

1. നിങ്ങള്‍ കണ്ട ആ ഫോട്ടോ സത്യമായിട്ടും സൂര്യസ്തമയത്തിന്റെ ... ഹല്ല സൂര്യൊദയത്തിന്റെ ആണു.
2. വീട്ടിലെ പട്ടിയുടെ പേരു മാറ്റിയിട്ടില്ല.
3. ഞാന്‍ ഇപ്പോഴും ജീവനോടെ തന്നെയുണ്ട്‌.
----------------------------------------------------------------------------------

Comments

Post a Comment

Popular posts from this blog

എനിക്കും ആവണം "പുലി"

ക്ഷേത്രവിചാരം - ശ്രീകാളഹസ്തി

പുതിയ വാര്‍ത്തകള്‍